പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Sunday, November 15, 2009

ലൗജിഹാദ്‌ സംവാദമൊടുങ്ങും മുമ്പ്‌ ഇത്രയും കൂടി

താനുയായി ആകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ്‌ മതമുപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും. മാതൃമതത്തില്‍ നിന്നുള്ള മനംമാറ്റത്തിനും കൂടി ഈ സ്വാതന്ത്ര്യം വിപുലപ്പെടുമ്പോഴേ വിശ്വാസസ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാകൂ. മാതൃരാജ്യം മാറാനുള്ള സ്വാതന്ത്ര്യം അനുവദനീയമാകുമ്പോഴും മാതൃമതത്തില്‍ നിന്നുള്ള മാറ്റം, അപകടകരമായ ഒരവസ്ഥയിലേക്കുള്ള മാറ്റമായിത്തീരുന്നത്‌ ജനാധിപത്യരാജ്യത്തിന്റെ ദുരന്തങ്ങളിലൊന്നാണ്‌. വിമോചനത്തിന്റെ വഴിയായി പുതിയൊരു മതത്തെ സ്വീകരിക്കുന്നത്‌ വ്യക്തിയുടെ ഇഷ്‌ടവും തെരഞ്ഞെടുപ്പുമാണ്‌. ഉദാത്തമായൊരു ആദര്‍ശവും ജീവിതവീക്ഷണവും പകരുന്നുവെന്നതിനാലാണ്‌ ഇസ്ലാം, അധഃസ്ഥിത വര്‍ഗത്തിന്റെയും പരിഷ്‌കൃത സമൂഹങ്ങളുടെയും അഭയമാകുന്നത്‌. സദാചാരനിഷ്‌ഠമായ ഇസ്‌ലാമിക ദര്‍ശനം ആധുനികലോകത്തിന്റെ മഹാമാരികള്‍ക്കുള്ള പരിഹാരമായാണ്‌ സ്വീകരിക്കപ്പെടുന്നത്‌. സംഘര്‍ഷബാധിതമായിക്കൊണ്ടിരിക്കുന്ന ആധുനിക മനസ്സിന്‌ ഇസ്‌ലാം ആശ്വാസവും ആശ്രയകേന്ദ്രവുമായിത്തീരുന്നതില്‍ ചിലര്‍ക്ക്‌ അസഹിഷ്‌ണുത സ്വാഭാവികമാണെങ്കിലും യാഥാര്‍ഥ്യം മാഞ്ഞില്ലാതാകുമോ? ഹിറാഗുഹയുടെ ഇരുളില്‍ നിന്ന്‌ ഏഴു വന്‍കരകളിലേക്കും, കോടാനുകോടി മനുഷ്യരിലേക്കും പടര്‍ന്നുകയറിയ പ്രകാശമായി ഈ മതം വളര്‍ന്നത്‌ ഇങ്ങനെയൊക്കെ തന്നെയാണല്ലോ. ഇന്ത്യയില്‍ മാത്രം ഇരുപത്തിരണ്ടു കോടിയിലധികം വരുന്ന സാമൂഹികവിഭാഗമാണിന്ന്‌ മുസ്‌ലിംകള്‍. ഭൂരിപക്ഷ മതത്തില്‍ നിന്നുള്ള കുത്തൊഴുക്കുകൊണ്ടല്ലാതെ ഇത്ര കനത്ത അംഗസംഖ്യയിലേക്ക്‌ മുസ്ലിംകള്‍ എത്തില്ലെന്നുറപ്പ്‌. ഈ പശ്ചാത്തലത്തിലാണ്‌ അടിക്കല്ലിളകിയ ഹൈന്ദവ ഫാസിസം മുസ്ലിംകള്‍ക്കെതിരെ തൃശൂലമെറിയാന്‍ തുടങ്ങിയത്‌. വ്യവസ്ഥാപിതമായ പദ്ധതികളിലൂടെ മതംമാറ്റത്തെ തടയിടാനും കായികമായി എതിരിടാനുമാണ്‌ ഫാസിസം ഇടക്കാലത്ത്‌ സജീവ ശ്രദ്ധ പതിപ്പിച്ചത്‌. മതംമാറിയവരെ വകവരുത്തിയും പ്രബോധന യത്‌നങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുമാണ്‌ ഹിന്ദുത്വശക്തികള്‍ മുന്നോട്ടുനീങ്ങിയത്‌.


ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഈ അജണ്ടയാണ്‌ സമീപകാലത്ത്‌ ചില `മതേതര'മാധ്യമങ്ങള്‍ കൊണ്ടുപിടിച്ചത്‌. കുമ്മനത്തിന്റെ മെഗാഫോണുകളായി ചെറുതായിപ്പോകാനുള്ള വ്യഗ്രത നാണിപ്പിക്കുന്ന കാഴ്‌ചകളാണ്‌ ബാക്കിയാക്കിയത്‌. കള്ളക്കണക്കുകള്‍ വിളമ്പിയും ഭയപ്പെടുത്തുന്ന പരിവര്‍ത്തനകഥകള്‍ മെനഞ്ഞും ഭീമന്‍ നുണകള്‍ പറഞ്ഞും കാമ്പയിന്‍ കളര്‍ഫുളാക്കുകയായിരുന്നു ചില മാധ്യമങ്ങള്‍. കൊട്ടിപ്പാടി കൊണ്ടുവന്ന `പരിവര്‍ത്തന ജിഹാദ്‌' മൊത്തത്തില്‍ ഇസ്ലാമിനെതിരെയുള്ള ഇങ്കിലാബായി മാറുകയായിരുന്നു.

`ലൗജിഹാദ്‌:' തുടക്കം ഇങ്ങനെ

കോളെജ്‌ വിദ്യാര്‍ഥിനികളായ രണ്ടുപേര്‍ തങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നുവെന്ന്‌ കോടതിയില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ്‌ പുതിയ സംഭവവികാസങ്ങള്‍ ആരംഭിക്കുന്നത്‌. പ്രായപൂര്‍ത്തിയായിട്ടും സ്വന്തം ഇഷ്‌ടത്തിനൊത്ത്‌ വിടുന്നതിനു പകരം, വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയക്കാനാണ്‌ കോടതി ഉത്തരവുണ്ടായത്‌. അവര്‍ മാതാപിതാക്കള്‍ക്കൊപ്പം പോയെങ്കിലും മാധ്യമങ്ങള്‍ വെറുതെ വിട്ടില്ല. മതപരിവര്‍ത്തനം കൊഴുപ്പുപുരട്ടിയ ചര്‍ച്ചയായി മാധ്യമങ്ങളില്‍ നിറഞ്ഞത്‌ ഇങ്ങനെയാണ്‌.

പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളെജിലെ അവസാനവര്‍ഷ എം ബി എ വിദ്യാര്‍ഥിനികളായ മിഥുലയും ലിനോ ജേക്കബും ആഴത്തില്‍ പഠിച്ചറിഞ്ഞ ശേഷമാണ്‌ ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായതെന്ന്‌ കോടതിയിലും പത്രക്കാരോടും പറഞ്ഞതാണ്‌. ഇതേ കോളെജിലെ വിദ്യാര്‍ഥിയും പത്തനംതിട്ട സ്വദേശിയുമായ ഷഹന്‍ഷാ, കെ എസ്‌ ആര്‍ ടി സി ജീവനക്കാരനായ സിറാജുദ്ദീന്‍ എന്നിവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. മിഥുലക്ക്‌ നേരത്തെ തന്നെ ഇസ്ലാമിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. മിഥുലയില്‍ നിന്നാണ്‌ ലിനോ ഇസ്ലാമിനെക്കുറിച്ചറിയുന്നതും അടുക്കുന്നതും. പെണ്‍കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹരജി നല്‌കിയതിനാല്‍ ആഗസ്‌ത്‌ 21ന്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ മുമ്പാകെ യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ നേരിട്ടു ഹാജരാവുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ അഭ്യര്‍ഥന മാനിക്കാതെ 28 വരെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കോടതി ഉത്തരവിട്ടു. ആരാധനാസ്വാതന്ത്ര്യം നല്‌കണമെന്ന്‌ പെണ്‍കുട്ടികള്‍ അഭ്യര്‍ഥിച്ചത്‌ അനുവദിച്ചു. എന്നാല്‍ ഇതേ കാലയളവില്‍ സമാനമായ മറ്റൊരു കേസില്‍ കോടതിയുടെ സമീപനം നേര്‍ വിപരീതമായിരുന്നു. ആലപ്പുഴ എസ്‌ എന്‍ കോളെജ്‌ വിദ്യാര്‍ഥിനിയായ റൈസ എന്ന മുസ്ലിം പെണ്‍കുട്ടിയെ ഒരു ക്രിസ്‌ത്യന്‍ യുവാവ്‌ പ്രണയിച്ച്‌ മതംമാറ്റി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാംവാര്‍ഡിലെ സമ്പന്ന കുടുംബത്തില്‍ പെട്ട ഈ പെണ്‍കുട്ടിയെ കാണാതായതിന്റെ മൂന്നാംദിവസം റോമില്‍ നിന്നെത്തിയ യുവാവിന്റെ സഹോദരി മതംമാറ്റ ചടങ്ങുകള്‍ നടത്തി ക്രിസ്‌ത്യാനിയാക്കി. കുട്ടിയെ കാണാതായതില്‍ പിതാവ്‌ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. യുവാവിന്‌ 21 വയസ്സ്‌ തികഞ്ഞിരുന്നില്ല. എന്നിട്ടും പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടില്ല. യുവാവിന്‌ 21 വയസ്സ്‌ തികയുന്നതുവരെ ഹോസ്റ്റലില്‍ താമസിക്കാനാണ്‌ കോടതി ഉത്തരവിട്ടത്‌. യുവതിയുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ മുഥുലയ്‌ക്കും ലിനോ ജേക്കബിനും പ്രസ്‌തുത യുവാക്കളുമായി ഫോണില്‍ സംസാരിക്കാന്‍ കോടതി അനുവദിച്ചിരുന്നില്ല.

പിന്നീട്‌, കുടുംബത്തിന്റെ ഭീഷണിയിലും പ്രലോഭനത്തിലും മാനസികമായി തകര്‍ന്ന പെണ്‍കുട്ടികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞു. സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ തനിക്ക്‌ തീവ്രവാദ ബന്ധമുണ്ടെന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണുണ്ടായതെന്ന്‌ ഷഹന്‍ഷാ പറയുന്നു. മിഥുലയുടെ ബന്ധുവായ ബി ജെ പി മുന്‍ സംസ്ഥാന നേതാവിന്റെ ഇടപെടലും പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുള്ള ഐ ജി റാങ്കിലുള്ള പോലീസ്‌ ഉദ്യോഗസ്ഥന്റെയും സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്ഥന്റെയും ചരടുവലികളുമാണ്‌ സംഭവത്തെ വഴിതെറ്റിച്ച്‌ വിവാദമാക്കിയത്‌. നിരപരാധികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റെ പിന്നിലും ഇവര്‍ തന്നെയായിരുന്നു. യഥാര്‍ഥത്തില്‍ യുവാക്കളോടുള്ള പ്രണയത്തെക്കാള്‍ ഇസ്ലാമിനോടുള്ള പ്രണയമായിരുന്നു പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നത്‌. സത്യാന്വേഷണത്തിനിടയിലെ നിമിത്തങ്ങള്‍ മാത്രമായിരുന്നു ഷഹന്‍ഷായും സിറാജുദ്ദീനും. ആദ്യം ഇസ്ലാമിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട മിഥുലയുടെ കുടുംബം സത്യസായിഭക്തരാണ്‌. സായിദര്‍ശനങ്ങള്‍ക്കു വിരുദ്ധമായി മാതാപിതാക്കളും ബന്ധുക്കളും വിഗ്രഹാരാധനയിലേക്കു തിരിഞ്ഞതാണ്‌ മിഥുലയെ മാറ്റി ചിന്തിപ്പിച്ചത്‌. സായിദര്‍ശനങ്ങളും വിഗ്രഹാരാധനയും താരതമ്യം ചെയ്‌ത്‌, ഇന്റര്‍നെറ്റിലൂടെ ഇസ്ലാമിനെ പരിചയപ്പെട്ടു. ആള്‍ദൈവ ഭക്തിയുടെ പൊള്ളത്തരങ്ങള്‍ ബോധ്യപ്പെട്ട മിഥുല ഇസ്ലാമിനെക്കുറിച്ച്‌ കൂടൂതല്‍ അറിയാന്‍ ശ്രമിച്ചു. റൂംമേറ്റായ ബിനോ ജേക്കബുമായി ആശയങ്ങള്‍ പങ്കുവെച്ചു. രണ്ടുപേരും ഒന്നരവര്‍ഷം മുമ്പേ മാനസികമായി ഇസ്ലാമിലേക്കാകര്‍ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു. നമസ്‌കരിക്കാനും ഖുര്‍ആന്‍ പഠിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ രണ്ടുപേരും ഷഹന്‍ഷായെ പരിചയപ്പെടുന്നത്‌. ഷഹന്‍ഷാ വഴി സിറാജുദ്ദീനെയും പരിചയപ്പെടുന്നു. ഈ ചെറുപ്പക്കാരുടെ സൗഹൃദത്തിലൂടെ ഇസ്ലാമിനെ രണ്ടുപേരും കൂടുതല്‍ അറിഞ്ഞു. മിഥുലയെ ഷഹന്‍ഹായെക്കൊണ്ട്‌ വിവാഹം ചെയ്യിക്കണമെന്നാവശ്യപ്പെട്ട്‌ ലിനോ ജേക്കബ്‌ ഷഹന്‍ഷായുടെ ഉമ്മയെ സമീപിച്ചെങ്കിലും ഉമ്മ സമ്മതിച്ചില്ല. റമദാന്‌ തൊട്ടുമുമ്പ്‌ മിഥുലയും ബിനോയും ഹോസ്റ്റലില്‍ വെച്ച്‌ നമസ്‌കരിക്കുന്നത്‌ മറ്റു കുട്ടികള്‍ കണ്ടിരുന്നു. അവര്‍ കോളെജ്‌ മാനേജ്‌മെന്റിനെ വിവരമറിയിച്ചു. അതുവഴി ബന്ധുക്കളും വിവരമറിഞ്ഞു. ഇതോടെയാണ്‌ മാധ്യമങ്ങള്‍ വിഷയം കൈയിലെടുക്കുന്നത്‌. ഈ സംഭവത്തെ മുന്‍നിറുത്തിയാണ്‌ സംസ്ഥാനത്തെ കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍ പെട്ട മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റുന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സപ്‌തംബര്‍ 30നു കേരള ഹൈക്കോടതി, സംസ്ഥാന ആഭ്യന്തരവകുപ്പിന്‌ നിര്‍ദേശം നല്‌കിയത്‌. ലൗജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രണയ-മതംമാറ്റ ഭീകരസംഘടനകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നതായി പോലീസ്‌ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിതെന്ന്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ വ്യക്തമാക്കുകയായിരുന്നു.

മതംമാറ്റം: കണക്കുകളിലെ യാഥാര്‍ഥ്യമെന്ത്‌?

ഗസറ്റ്‌ വിജ്ഞാപന പ്രകാരം വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള തിരുവനന്തപുരം ഹിന്ദു മിഷന്‍ വഴി സപ്‌തംബര്‍ 15 മുതല്‍ 30വരെ 26 പേര്‍ ഹിന്ദുമതത്തിലേക്ക്‌ മതംമാറിയിട്ടുണ്ട്‌. 2009 ആഗസ്‌തില്‍ മാത്രം 129 പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ഇതില്‍ 120 പേര്‍ ക്രിസ്‌ത്യന്‍ യുവതീ യുവാക്കളാണ്‌. ഇക്കാലയളവില്‍ ഒരാള്‍ മാത്രമാണ്‌ ഇസ്ലാമിലേക്ക്‌ മാറിയതെന്ന്‌ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിന്ദുത്വ സംഘടനകള്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരം ആര്യസമാജം വഴി 1450 പേര്‍ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. ആര്യസമാജത്തിന്റെ തന്നെ രേഖകള്‍ പ്രകാരം 2009 ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ 249 പേര്‍ ഹിന്ദുമതത്തിലേക്ക്‌ മാറി. പ്രതിമാസം ശരാശരി 120 പേര്‍ ആര്യസമാജം വഴി മതം മാറുന്നുവെന്നാണ്‌ കണക്ക്‌. പ്രതിദിനം 18നും 24നുമിടയില്‍ പ്രായമുള്ള നാലുപേരെ ആര്യസമാജം മതം മാറ്റുന്നുണ്ടത്രെ. 2009 ആഗസ്‌ത്‌ 10 വരെയുള്ള 10 വര്‍ഷത്തിനിടെ മൊത്തം 20,516 യുവതീ യുവാക്കളാണ്‌ ആര്യസമാജം വഴി മതപരിവര്‍ത്തനത്തിനു വിധേയരായവര്‍. തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി 2009 ആഗസ്‌ത്‌ അഞ്ച്‌ വരെയുള്ള 10 വര്‍ഷത്തില്‍ 1,15,052 പേര്‍ മതം മാറിയതായി സംസ്ഥാന ഗസറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2009 ജൂലൈ 13നും 28നുമിടയില്‍ രണ്ടാഴ്‌ചക്കിടെ മാത്രം ഇവിടെ 26 പേര്‍ മതം മാറി. ദിവസേന ശരാശരി രണ്ടുപേര്‍ ഇവിടെ മതം മാറുന്നുവെന്ന്‌ ചുരുക്കം. ആര്‍ എസ്‌ എസ്‌ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അയ്യപ്പസേവാ സംഘം വഴി 2009 ജൂണ്‍ 12 വരെ 5,053 പേരാണ്‌ മതം മാറിയത്‌. ഇവരില്‍ 98 ശതമാനവും പിന്നാക്കവിഭാഗത്തില്‍പെട്ട ക്രിസ്‌ത്യാനകളാണ്‌. 1922ല്‍ തുടക്കമിട്ട കോഴിക്കോട്‌ ആര്യസമാജം വഴി മൊത്തത്തില്‍ 75,000 പേര്‍ ഹിന്ദു മതത്തിലേക്ക്‌ പരിവര്‍ത്തിതരായിട്ടുണ്ടെന്ന്‌ സമാജം ഭാരവാഹികള്‍ പറയുന്നു. മൈക്കല്‍ ജാക്‌സനുവേണ്ടി തിരുനാവായില്‍ ബലിയിടാനെത്തിയെ നാല്‌ വിദേശികളും അഖിലലോക ജ്യോതിഷ പരിഷത്തിന്റെ സമ്മേളനത്തിനെത്തിയ 27 വിദേശികളും ആര്യസമാജം വഴി ഇവിടെവെച്ച്‌ മതപരിവര്‍ത്തനം ചെയ്‌തു. ഒന്നര മണിക്കൂര്‍ നീളുന്ന ഹോമം നടത്തി പ്രായപൂര്‍ത്തിയായ ആര്‍ക്കും ഇവിടെ നിന്ന്‌ ഹിന്ദുവായി പുറത്തുവരാം. പ്രണയ ബദ്ധരായവരാണ്‌ കൂടുതലും ഇവിടെ പരിവര്‍ത്തനം ചെയ്യുന്നതെന്ന്‌ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. സിനിമാ സംവിധായകരായ പ്രിയദര്‍ശന്റെ ഭാര്യ ലിസിയും ഷാജി കൈലാസിന്റെ ഭാര്യ ആനിയും ഹിന്ദുമതം സ്വീകരിച്ചത്‌ ആര്യസമാജം വഴിയായിരുന്നു.

ക്രിസ്‌ത്യന്‍ മിഷണറികളുടെ പരിവര്‍ത്തന പരിശ്രമങ്ങളും മുറപോലെ നടക്കുന്നുണ്ട്‌. മുസ്ലിംകളെക്കാള്‍ വ്യവസ്ഥാപിതമായും വേഗത്തിലും പരിവര്‍ത്തനപദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌ യഥാര്‍ഥത്തില്‍ ക്രൈസ്‌തവ മിഷനറികളാണ്‌. അരിപ്പൊടിയോടൊപ്പം വിശ്വാസപ്പൊതിയും വിതരണം ചെയ്‌ത്‌ കുഞ്ഞാടുകളെ പെരുപ്പിക്കാനുള്ള സൂത്രം ചിട്ടയൊത്ത മതപ്രവര്‍ത്തനമാണവര്‍ക്ക്‌. തൃശൂര്‍ ജില്ലയിലെ പോട്ട പേരുകേട്ട മതപരിവര്‍ത്തന കേന്ദ്രമാണ്‌. മതംമാറ്റം, പീഡനം, അസ്വാഭാവിക മരണം തുടങ്ങി നിരവധി കേസുകള്‍ ഈ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്നുണ്ട്‌. കേരളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ വിദേശഫണ്ട്‌ വരുന്നത്‌ ഗോസ്‌പല്‍ ഫോര്‍ ഏഷ്യ എന്ന കെ പി യോഹന്നാന്റെ മിഷണറി സംഘത്തിനാണ്‌. സംസ്ഥാന സര്‍ക്കാറിന്റെ കണക്കുപ്രകാരം 1995നും 2008നുമിടയില്‍ 213.94 ദശലക്ഷം ഡോളറാണ്‌ യോഹന്നാന്‌ ലഭിച്ചത്‌.

ജാഗ്രതൈ!

മുസ്ലിം പരിവര്‍ത്തനകഥകള്‍ ചമച്ച്‌ കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ (കെ സി ബി സി) പുറത്തിറക്കിയ ജാഗ്രത-109 ലഘുലേഖ ഇവിടെ പ്രസ്‌താവ്യമാണ്‌. പ്രസ്‌തുത ലഘുലേഖയില്‍ ഊതിവീര്‍പ്പിച്ച കുറേ കണക്കുകളാണ്‌. `പ്രണയതീവ്രവാദം -മാതാപിതാക്കള്‍ ജാഗരൂകരാകണം' എന്ന തലക്കെട്ടില്‍ `ലൗ ജിഹാദി'ന്റെ പശ്ചാത്തലത്തില്‍ ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തിപ്പിക്കാനുള്ള വ്യാപക ശ്രമങ്ങള്‍ ഉണ്ടെന്നും അതിനെ തടുക്കാനാവശ്യമായ ജാഗ്രത പാലിക്കണമെന്നുമാണ്‌ നിര്‍ദേശം. ലളിത ബുദ്ധിക്ക്‌ പോലും സമ്മതിക്കാനാവാത്ത പരാമര്‍ശങ്ങളാണ്‌ ലഘുലേഖയിലുള്ളത്‌. മുസ്ലിം നിയന്ത്രണത്തിലുള്ള മൊബൈല്‍ ഫോണ്‍ റീചാര്‍ജ്‌ ഷോപ്പുകള്‍ വഴി ഹിന്ദു-ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളുടെ നമ്പറുകള്‍ ശേഖരിച്ച്‌, ആസൂത്രിതമായി അവരെ പ്രണയക്കുരുക്കില്‍ പെടുത്തി ഇസ്ലാമാക്കാനുള്ള ശ്രമങ്ങളാണുള്ളതെന്ന്‌ പറയുന്നു. പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുത്തും പരീക്ഷാ ഫീസ്‌ അടച്ചുകൊടുത്തും, സമ്മാനങ്ങള്‍ നല്‍കിയും, വസ്‌ത്രം വാങ്ങിക്കൊടുത്തുമൊക്കെ വശീകരിച്ചാണ്‌ പ്രണയ വലയൊരുക്കുന്നതെന്നാണ്‌ ജാഗ്രത ജല്‍പിക്കുന്നത്‌. വിവാഹ വാഗ്‌ദാനങ്ങള്‍ നല്‍കി, യാത്രക്ക്‌ കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ ആദ്യം മതംമാറ്റത്തിനും പിന്നെ മതപഠനത്തിനുമയക്കുന്നു. കരുനാഗപ്പള്ളിയിലും കാസര്‍ഗോഡും കോട്ടയത്തും ഇത്തരം മതപഠന കേന്ദ്രങ്ങള്‍ `എല്ലാ സജ്ജീകരണങ്ങളോടെയും' പ്രവര്‍ത്തിക്കുന്നുണ്ടത്രെ! വിനോദയാത്രക്ക്‌ കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ ഹോട്ടലുകളില്‍ വെച്ച്‌ ലൈംഗികബന്ധത്തിന്‌ പ്രേരിപ്പിച്ച്‌ അതെല്ലാം ചിത്രീകരിച്ച്‌ ബ്ലാക്ക്‌ മെയിലിംഗ്‌ നടത്തുകയും ചെയ്യുന്നു! ഇങ്ങനെ കെണിയിലകപ്പെട്ട പെണ്‍കുട്ടികളുടെ നീണ്ടൊരു കണക്കും ലഘുലേഖയിലുണ്ട്‌. ജില്ലകള്‍ തിരിച്ച്‌ `കൃത്യമായ' കണക്കവതരിപ്പിക്കുന്നത്‌ വായിച്ചപ്പോള്‍ ലഘുലേഖയിലെ ഇ മെയില്‍ വിലാസത്തില്‍ ആ കണക്കുകളുടെ ഉറവിടം ഏതാണെന്ന്‌ അന്വേഷിച്ചുനോക്കി; പക്ഷെ ഉത്തരം കിട്ടിയില്ല!

മതപരിവര്‍ത്തനംകൊണ്ട്‌ പൊലിഞ്ഞ ജീവിതങ്ങള്‍

ഇസ്ലാം സ്വീകരിച്ചതു കാരണം, ഹൈന്ദവ വര്‍ഗീയവാദികള്‍ കൊന്നുകളഞ്ഞവര്‍ തന്നെ എമ്പാടുമുണ്ട്‌. 1984ല്‍ ആമിനക്കുട്ടിയായി മാറിയ ചിരുതക്കുട്ടിയാണ്‌ ഇതില്‍ ആദ്യത്തെ ഇര. സ്വമേധയാ ഇസ്ലാം സ്വീകരിച്ച ആമിനയെ മഞ്ചേരി കോടതി സ്വന്തം ഇഷ്‌ടപ്രകാരം ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍ ഉത്തരവു പുറത്തുവന്ന ഉടന്‍ ജഡ്‌ജിയുടെ കാബിനടുത്തുവെച്ച്‌ ആര്‍ എസ്‌ എസ്സുകാര്‍ ആമിനയെ വെട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്‌ടപ്പെട്ടു. മലപ്പുറം ജില്ലയിലെ തന്നെ എടവണ്ണ ചാത്തല്ലൂരിലാണ്‌ മറ്റൊരു സംഭവം. ഇഷ്‌ടപ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ ഇസ്ലാം സ്വീകരിച്ച ഹിന്ദു യുവതിയെ മഞ്ചേരിക്കടുത്ത ക്ഷേത്രത്തിലേക്ക്‌ തട്ടിക്കൊണ്ടുപോവുകയും ഗുരുതരമായി പീഡിപ്പിക്കുകയും ചെയ്‌തു. 1987ല്‍ നടന്ന ഈ കേസിലെ പ്രതികളെ ഇതുവരെയും അറസ്റ്റുചെയ്‌തിട്ടില്ല. 1994ല്‍ തിരൂരങ്ങാടി പി എസ്‌ എം ഒ കോളെജിലെ രാധാമണി നിരന്തര പഠനങ്ങളിലൂടെ ഇസ്ലാം സ്വീകരിച്ച്‌ റഹീമയായി മാറി. ഏറെത്താമസിയാതെ ഹിന്ദുത്വ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ റഹീമയെക്കുറിച്ച്‌ ഇന്നും വിവരമില്ല. 1997ല്‍ പത്തനംതിട്ടയില്‍ ഇസ്ലാം സ്വീകരിച്ച സോമനും കുടുംബവുമാണ്‌ അക്രമത്തിന്നിരയായ മറ്റൊരു സത്യാന്വേഷകര്‍. ആദിവാസി വിഭാഗത്തില്‍ പെട്ട ഇവരുടെ ഇസ്ലാംസ്വീകരണം ഹൈന്ദവ വര്‍ഗീയവാദികള്‍ക്ക്‌ താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു. അന്ന്‌ വി എച്ച്‌ പി ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍, ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന സത്യാനന്ദ സരസ്വതി ഉള്‍പ്പെടെ പലരും പറഞ്ഞ്‌ പ്രലോഭിപ്പിച്ചെങ്കിലും നിലപാടില്‍ നിന്ന്‌ വ്യതിചലിക്കാതിരുന്ന ശംസുദ്ദീനെയും വൃദ്ധനായ പിതാവിനെയും സഹോദരന്മാരെയും ക്രൂരമായി മര്‍ദിച്ചു. ജുമുഅ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ഇവരെ കടുത്ത പീഡനത്തിനാണ്‌ ആര്‍ എസ്‌ എസ്സുകാര്‍ ഇരയാക്കിയത്‌. ശംസുദ്ദീനായി മാറിയ സോമനും കുടുംബവും താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന്‌ ഏതാണ്ട്‌ ആറു കിലോമീറ്റര്‍ ദുരെ ചാത്തന്‍തറയിലെ പള്ളിയിലായിരുന്നു ജുമുഅ നിര്‍വഹിക്കാനെത്തിയിരുന്നത്‌.

കൊളത്തൂരിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ആര്‍ എസ്‌ എസ്‌ അനുഭാവി സുബ്രഹ്മണ്യന്‍ ഇസ്ലാമിനെ അടുത്തറിഞ്ഞതോടെ മുഹമ്മദ്‌ യാസിറും ഭാര്യ ബേബി, സുമയ്യയുമായി മാറിയത്‌ തീവ്ര ഹിന്ദുക്കള്‍ക്ക്‌ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മുസ്ലിമായതോടെ തന്റെ ജീവിതം തന്നെ പ്രബോധനമാര്‍ഗത്തിലേക്കൊഴിച്ചുവച്ച യാസിര്‍ ആകര്‍ഷണീയ വ്യക്തിത്വം കൊണ്ട്‌ അനേകം സുഹൃത്തുക്കളെ സത്യപാതയിലേക്ക്‌ വഴികാണിച്ചുകൊണ്ടിരുന്നതും വര്‍ഗീയശക്തികള്‍ക്ക്‌ താങ്ങാവുന്നതിലേറെയായിരുന്നു. ശല്യമായിത്തീര്‍ന്ന യാസിറിനെ വധിക്കാന്‍ തന്നെയായിരുന്നു പദ്ധതി. ആ പദ്ധതി വിജയം കാണുകയും ചെയ്‌തു. 1998 ആഗസ്‌ത്‌ 17ന്‌ തിരൂരില്‍ വച്ച്‌ യാസിര്‍ കൊല്ലപ്പെട്ടു. മരിച്ചെന്നുറപ്പായിട്ടും തീരാത്ത പകയോടെ ആഴമേറിയ 34 വെട്ടുകളാണ്‌ യാസിറിനേറ്റത്‌. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ അബ്‌ദുല്‍അസീസിനും മാരകമായ പരുക്കേറ്റു. കോഴിക്കോട്‌ മെഡിക്കല്‍ കോളെജിലെ എം ബി ബി എസ്‌ വിദ്യാര്‍ഥിയായിരുന്ന സത്യനാഥന്‍, പുത്തൂരിലെ ഷാജി, 2005ല്‍ ഇടുക്കിയില്‍ ഇസ്ലാം സ്വീകരിച്ച ജ്യേഷ്‌ഠാനുജന്മാര്‍, കര്‍ണാടകയിലെ മൈസൂര്‍ ചാമരാജ്‌ നഗറില്‍നിന്ന്‌ ഇസ്ലാം സ്വീകരിച്ച്‌ ഈരാറ്റുപേട്ട വാദി ഹുദയിലെത്തിയ ജാസ്‌മി.... ഇങ്ങനെ അനേകം പേര്‍ക്കാണ്‌ തങ്ങളുടെ സത്യാന്വേഷണ വഴിയില്‍ തീവ്രവാദ ഭീഷണി നേരിടേണ്ടിവന്നത്‌. പക്ഷേ, ഇവരിലാരും ആ ഭീഷണിയുടെ മുന്നില്‍, തങ്ങളുടെ ആദര്‍ശം അടിയറവെക്കാനോ സത്യമാര്‍ഗത്തില്‍ നിന്ന്‌ പിന്മാറാനോ തയ്യാറായില്ല. ആര്‍ എസ്‌ എസ്സിന്റെ ചിട്ടയൊത്ത പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഭീഷണികളും കൊലപാതകങ്ങളുമെന്ന്‌ പിന്നീടുള്ള അന്വേഷണങ്ങളില്‍ നിന്നും അറസ്റ്റില്‍ നിന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഇസ്ലാം സ്വീകരിച്ചവരോടെന്നപോലെ, മുസ്ലിംകളോട്‌ അനുകമ്പയും ആഭിമുഖ്യവും പുലര്‍ത്തുന്നവരോടുമെല്ലാം ഈ അസഹിഷ്‌ണുത പുലര്‍ത്തുന്നതില്‍ ഹിന്ദുത്വവാദികള്‍ ഒന്നിനൊന്ന്‌ വീര്യമുള്ളവരാണ്‌. ഗുജറാത്തിലെ വര്‍ഗീയ കലാപത്തിനു പിന്നില്‍ ഈ ചിത്രം കുറച്ചുകൂടി തെളിഞ്ഞുകിടപ്പുണ്ട്‌. മിശ്രവിവാഹിതരെയും മുസ്ലിംകളെയും മാത്രമല്ല, ഹിന്ദുക്കളോടൊപ്പം ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാരായ മുസ്ലിംകളെപ്പോലും വകവരുത്തുന്നതില്‍ ഹിന്ദുത്വശക്തികള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയിരുന്നു. വടക്കേ ഇന്ത്യയില്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഇസ്ലാം സ്വീകരണം അസാധ്യവും ഭയപ്പാടുള്ളതുമായിത്തീരുന്നതും ഇതുകൊണ്ടൊക്കെ തന്നെയാവാം. മുസ്ലിമാവുന്നതോടെ ഒരാള്‍ക്ക്‌ ജീവന്‍ മാത്രമല്ല, ബാക്കിയായ കുടുംബങ്ങള്‍ക്ക്‌ സ്വത്തും കച്ചവടവും ഭൗതിക വിഭവങ്ങളുമെല്ലാം നഷ്‌ടപ്പെടുന്ന അവസ്ഥയാണുള്ളത്‌.

എന്നാല്‍ ക്രിസ്‌ത്യന്‍ സഭ പ്രചരിപ്പിക്കുന്ന `പ്രണയകഥകള്‍' യാഥാര്‍ഥ്യമാകുന്നത്‌ മറ്റു ചിലരുടെ വിഷയത്തിലാണ്‌. മുസ്ലിം യുവതികളെ പ്രണയംനടിച്ച്‌ മതംമാറ്റാന്‍ ആര്‍ എസ്‌ എസ്‌ ഈയിനം കലാപരിപാടികളെല്ലാം മുമ്പ്‌ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയിരുന്നു. പ്രണയനാടകങ്ങള്‍ പരിശീലിച്ച തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കെട്ടിട നിര്‍മാണത്തൊഴിലാളികളെയും മരപ്പണിക്കാരെയും തയ്യല്‍ക്കാരെയും ഇതിന്നായി ആര്‍ എസ്‌ എസ്‌ മലബാറിലേക്ക്‌ നിയോഗിച്ചിരുന്നു. സാമ്പത്തിക പരീധീനതയുള്ള മുസ്‌ലിംയുവതികളെയാണ്‌ ഇവര്‍ ആദ്യംനോട്ടമിട്ടത്‌. മലബാര്‍ ജില്ലകളില്‍ നിന്ന്‌ 1991-95 കാലയളില്‍ 1600ഓളം മുസ്ലിം യുവതികളെ ഇങ്ങനെ മതംമാറ്റിയിട്ടുണ്ടെന്നാണ്‌ അനൗദ്യോഗിക വിവരം. വയനാട്‌ മാനന്തവാടിക്കടുത്ത്‌ ഒരു മുസ്ലിം പെണ്‍കുട്ടിയെ ആര്‍ എസ്‌ എസ്സിന്റെ പ്രാദേശിക നേതാവ്‌ പ്രണയിച്ച്‌ ഹിന്ദുവാക്കിയത്‌ ഈ കാലയളവിലാണ്‌. പെണ്‍കുട്ടിയെ കാണാതയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ മതംമാറ്റത്തിനുള്ള ആര്‍ എസ്‌ എസ്സിന്റെ ഗൂഢപദ്ധതികള്‍ പുറംലോകമറിയുന്നത്‌. വിവാഹശേഷം യുവതി മതംമാറേണ്ടതില്ലെന്നും യുവാവ്‌ ഇസ്ലാം സ്വീകരിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു മാനന്തവാടിയിലെ തയ്യല്‍തൊഴിലാളിയായ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകന്‍ അവളെ കുരുക്കിലാക്കിയത്‌. മാരകായുധങ്ങളുമായി കണ്ണൂരില്‍ നിന്നെത്തിയ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ സുരക്ഷാവലയം സൃഷ്‌ടിച്ചാണ്‌ അവളെ കടത്തിക്കൊണ്ടുപോയത്‌. മനംനൊന്ത പെണ്‍കുട്ടിയുടെ കുടുംബം പിന്നീട്‌ വയനാട്‌ വിട്ടുപോയി. ഇനി ആലോചിക്കുക, `ലൗ ജിഹാദി'ന്റെ ആരംഭവും ആസൂത്രണവും പത്തനംതിട്ടയില്‍ നിന്നാണോ അതോ, സംഘസ്വരൂപികളുടെയും നിക്കര്‍ പരിവാരത്തിന്റെയും വൈരചിന്തകളില്‍ നിന്നാണോ?

ഒരു വര്‍ഷം മുമ്പ്‌ `ലൗ ജിഹാദ്‌' ആരംഭിച്ചശേഷം ദക്ഷിണ കാനഡയില്‍ നിന്ന്‌ 3000 ഹിന്ദു പെണ്‍കുട്ടികളെയും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന്‌ 30,000 പെണ്‍കുട്ടികളെയും കാണാതായതായി ഒക്‌ടോബര്‍ 15ന്‌ ഹിന്ദു ജനജാഗ്രത സമിതി ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ ആരോപിച്ചിരുന്നു. സമിതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണക്ക്‌ മറ്റു ഹിന്ദുത്വസംഘങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ സപ്‌തംബര്‍ 30 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം മൂന്നു വര്‍ഷംകൊണ്ട്‌ 404 സ്‌ത്രീകളെയാണ്‌ ദക്ഷിണ കന്നഡയില്‍ നിന്ന്‌ കാണാതിയിട്ടുള്ളത്‌.

ഇതില്‍ 332 പേരെ പിന്നീട്‌ കണ്ടെത്തുകയും ചെയ്‌തു. 57 സ്‌ത്രീകളെ കുറിച്ചു മാത്രമാണ്‌ ഇനി വിവരം ലഭിക്കാനുള്ളത്‌ എന്ന്‌ കര്‍ണാടക പോലീസ്‌ സൂപ്രണ്ട്‌ എ എസ്‌ റാവു പറയുന്നു. ആത്മഹത്യ ചെയ്‌തവരോ കാമുകരോടൊപ്പം നാടുവിട്ടവരോ ആണ്‌ ഇവരത്രയും. പക്ഷേ, നമ്മുടെ സംഘപരിവാരത്തിന്‌ ഇവരെല്ലാം `ലൗ ജിഹാദി'ന്റെ ഇരകളാണ്‌!

ശാന്തപുരം ചുങ്കത്ത്‌ മൂച്ചിക്കല്‍ അഹ്മദ്‌ ഇപ്പുവിന്റെ മകള്‍ ഷഹര്‍ബാന്‍ (18), അയനിക്കോട്‌ വീതനശ്ശേരി അബുവിന്റെ മകള്‍ സഫിയ്യ (18) എന്നിവരെ അരക്കുപറമ്പ്‌ മാട്രക്കല്ലിലെ കണ്ടത്തില്‍ തോമസിന്റെ മകന്‍ ബൈജുവും മുള്ള്യാര്‍കുര്‍ശ്ശി കൂട്ടുമൂച്ചിക്കല്‍ വീട്ടില്‍ രാമന്റെ മകന്‍ സുരേന്ദ്രനും പ്രണയത്തിലൂടെ മതംമാറ്റി `കാണാതാക്കിയത്‌' ഏതു ജിഹാദിന്റെ പരിധിയിലാണ്‌ വരവു വെക്കേണ്ടതെന്ന്‌ സംഘ്‌പരിവാരവും, വിഷംചീറ്റുന്ന ലഘുലേഖയുമായി വീടുചുറ്റുന്ന പാതിരിപ്പടയും മറുപടി പറയേണ്ടതുണ്ട്‌. 2,864 പെണ്‍കുട്ടികളെ `ലൗ ജിഹാദി'ലൂടെ കാണാതായതായി പറയുന്നവര്‍ ഇതുമായി ബന്ധപ്പെട്ട്‌ 703 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായും പറയുന്നു. ഈ കേസുകെട്ടുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കില്‍ പിന്നെ മറ്റൊരന്വേഷണത്തിന്റെ ആവശ്യമേ ഉണ്ടാകുമായിരുന്നില്ലല്ലോ!

കടപ്പാട്.
പി എം എ ഗഫൂര്‍ 

ലേഖനം

ശബാബ് വാരിക


4 comments:

chithrakaran:ചിത്രകാരന്‍ November 16, 2009 at 10:58 AM  

നല്ല തമാശയാണല്ലോ സുഹൃത്തേ !!!

മുസ്ലീം പയ്യനെ പ്രേമിക്കുന്നതിനു മുന്‍പ് തന്നെ യുവതികള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു...

ഹഹഹ... അതുകൊണ്ടുതന്നെയല്ലേ ഇതൊരു ലൌ ജിഹാദാണെന്ന് അന്യ മതസ്തര്‍ ആരോപിക്കുന്നത് !

പഷ്ട് മതല്ലേ ആകര്‍ഷിക്കാന്‍ !!!

നമ്മളെ നാട്ടില്‍ ബസ് സ്റ്റാന്‍ഡില്‍ കുലാബി വിറ്റു അരിഷ്ടിച്ച് ജീവിച്ചിരുന്ന വിത്തും വേരും ഇല്ലാത്തൊരുനായര് ഇതുപോലെ ആകര്‍ഷിക്കപ്പെട്ട് കുടുംബസമേതം ഇസ്ലാമില്‍ ചേര്‍ന്നു.
ഒരു ധനികനായ ഹാജ്യാര്‍ ഒരു ഓഫര്‍ വെച്ചതായിരുന്നു കാര്യം. നായര് മ്മളെ മതത്തില്‍ കൂട്യാല്‍ അരേക്കര്‍ തെങ്ങ്തോട്ടം നായരെ പേര്‌ല് എഴ്തിത്തരും! നായര്‍ക്ക് ലോട്ടറി അടിച്ചതല്ലേ... കക്ഷി മതം മാറി. കുലാബി കച്ചവടോം നിര്‍ത്തി.

എന്തെങ്കിലും ഗുണല്ലാതെ ഈ പരട്ട മതങ്ങളിലൊക്കെ ആരെങ്കിലും ചേര്‍വോ ഷ്ടാ ???
ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും ലിങ്ക്.

Love Jihad | Romeo Jihad November 17, 2009 at 3:52 AM  
This comment has been removed by the author.
Joker November 17, 2009 at 10:43 PM  

ഈ ചിത്രകാരന്റെ ഒരു കാര്യം. ഹ ഹ ഹ

എത്ര ഹിന്ദുക്കള്‍ ഇങ്ങനെ അച്ചായന്മാരായിട്ടുണ്ട് ചിത്രകാരാ...

ഏതായാലും റോമിയോ ജിഹാദ് അല്പം ഒതുങ്ങി എന്ന് തോന്നുന്നു.


ഈ ലേഖനത്തിന് നന്ദി.

Post a Comment

ഒരഭിപ്രായം രേഖപ്പെടുത്തു...

Related Posts with Thumbnails