സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും
ഡോ. എന്‍ എ കരീം
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരളത്തിന്റെ രാഷ്‌ട്രീയ പരിസരം മലിനമായിരുന്നെങ്കിലും പൊതുവെ നിശ്ചലമായിരുന്നു. സാമൂഹ്യ രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ചില ചലനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നതേയുള്ളൂ. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാന ചരിത്രത്തിന്റെ ആദ്യ നാഴികക്കല്ലായ ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ അരുവിപ്പുറത്തെ പ്രതിഷ്‌ഠ നേരത്തെ നടന്നുകഴിഞ്ഞിരുന്നു. ഈഴവ, നമ്പൂതിരി ജാതി സമൂഹങ്ങളിലാണ് പരിഷ്‌കരണത്തിന്റെ ശക്തമായ പ്രവണത ആദ്യമായി നാമ്പിട്ടത്. മറ്റു മതങ്ങളിലും പിന്നീട് ആ ത്വര വളരുകയുണ്ടായി. എന്നാല്‍ അവയ്‌ക്കൊന്നും രാഷ്‌ട്രീയമായ ഒരു ഉള്ളടക്കമുണ്ടായിരുന്നില്ല.ഈ കാലഘട്ടത്തിലാണ് വക്കം മൗലവി 1905ല്‍ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്. നല്ല തയ്യാറെടുപ്പോടെയാണ് അദ്ദേഹം സ്വദേശാഭിമാനി ആരംഭിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് അന്ന് കിട്ടാവുന്ന ഒരു ആധുനിക മോഡല്‍ അച്ചടിയന്ത്രം ഇറക്കുമതി ചെയ്‌തു. ഒരു ബ്രിട്ടീഷ് വ്യാപാര കേന്ദ്രമായ അഞ്ചുതെങ്ങില്‍ നിന്നാണ് പത്രം ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. രാഷ്‌ട്രീയമായി തന്ത്രപരമായ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ബ്രിട്ടീഷ് പത്രത്തിന്‍ കീഴിലുള്ള അഞ്ചുതെങ്ങ് തെരഞ്ഞെടുത്തത്.
തന്റെ പത്രത്തിനു അദ്ദേഹം തെരഞ്ഞെടുത്ത പേര് തന്നെ ശ്രദ്ധേയമായിരുന്നു. അന്ന് കേരളത്തിലെ പത്ര പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ കേരളമിത്രം, കേരള വിപഞ്ചിക, മലയാള രാജ്യം, മലയാള മനോരമ എന്നെല്ലാമായിരുന്നു. രാഷ്‌ട്രീയ നിരപേക്ഷമായ അത്തരം പതിവുപേരുകള്‍ക്കു പകരം സ്വദേശാഭിമാനി എന്ന പേര് തെരഞ്ഞെടുത്തതിന്റെ പിന്നീല്‍ രാഷ്‌ട്രീയമായ ഒരു വെല്ലുവിളി തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ നാട്ടുരാജ്യങ്ങളിലെ കേവലം പ്രജകള്‍ക്കു സ്വദേശാഭിമാനവും സ്വരാജ്യസ്‌നേഹവും എല്ലാം വിലക്കപ്പെട്ട വികാരങ്ങളായിരുന്നു. ഇരട്ട പാരതന്ത്ര്യമാണ് അവര്‍ പേറിയിരുന്നത്. ബ്രിട്ടീഷ് അധീശശക്തിയുടെയും നാട്ടുരാജ്യത്തിലെ ഫ്യൂഡല്‍ സ്വേച്ഛാധിപത്യത്തിന്റെയും നുകങ്ങള്‍ കഴുത്തില്‍ ഒരേസമയം ഉണ്ടായിരുന്നു.
ഇങ്ങനെയുള്ള തിരുവിതാംകൂറിലെ അന്നത്തെ സാഹചര്യത്തിലാണ് വക്കം മുഹമ്മദ് അബ്‌ദുല്‍ഖാദര്‍ സ്വദേശാഭിമാനി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. മധ്യ പൗരസ്‌ത്യ ദേശത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെപ്പറ്റി അവിടെ നിന്നുവന്നിരുന്ന പത്രമാസികകളിലും പുസ്‌തകങ്ങളിലും കൂടി നല്ല അറിവു സമ്പാദിച്ചിരുന്ന അദ്ദേഹത്തില്‍ വളര്‍ന്നുവന്ന വീക്ഷണത്തിന്റെയും അദ്ദേഹം രൂപപ്പെടുത്തിയ പ്രവര്‍ത്തന പരിപാടിയുടെയും വ്യക്തമായ അടിസ്ഥാനത്തിലാണ് അദ്ദേഹം സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിനു ഗണ്യമായ മൂലധനനിക്ഷേപം നടത്തിയത്.
അന്നത്തെ മുസ്ലിംലോകത്തിന്റെ സ്ഥിതിയും ഏറെക്കുറെ ഇതിനു സമാനമായിരുന്നു. യൂറോപ്യന്‍ സാമ്രാജ്യശക്തികളുടെ അധിനിവേശത്തിനു കീഴില്‍ അവരുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു മാത്രമായി വാഴിച്ചു നിലനിര്‍ത്തിയിരുന്ന ഫ്യൂഡല്‍ ഭരണാധികാരികളുടെ കീഴില്‍ അവരും ഇരട്ട അടിമത്തം അനുഭവിക്കുകയായിരുന്നു. അതുകൊണ്ടു അവിടത്തെപ്പോലെ ഇവിടെയും ഈ രണ്ടു സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ ഒരു ദ്വിമുഖ സമരമാണ് വേണ്ടതെന്ന് അദ്ദേഹം കണ്ടു. രാഷ്‌ട്രീയ സ്വേച്ഛാധിപത്യത്തിന്‍ കാഴില്‍ അര്‍ഥപൂര്‍ണമായ സാമൂഹ്യപരിവര്‍ത്തനം സാധ്യമല്ലെന്നു അദ്ദേഹം മനസ്സിലാക്കി.
പത്രത്തിന്റെ പ്രഥമ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മുഖക്കുറിപ്പിലെ, പത്രത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ച വാക്യങ്ങളില്‍ നിന്ന് അത് വ്യക്തമാകുന്നതാണ്. പൊതുജന നന്മയെ ലാക്കാക്കിയാണ് സ്വദേശാഭിമാനി ആരംഭിക്കുന്നതെന്നും ജനക്ഷേമത്തെ സംബന്ധിക്കുന്ന ഒരു സത്യവും മറച്ചുവെക്കുന്നതല്ലെന്നും അതുകൊണ്ടു വരാവുന്ന എല്ലാ ഭവിഷ്യത്തുകളെയും നിശ്ചയമായും നേരിടുക തന്നെ ചെയ്യുമെന്നുമുള്ള അസന്നിഗ്‌ധമായ പ്രസ്‌താവന അന്നത്തെ പത്രപ്രവര്‍ത്തനാന്തരീക്ഷത്തില്‍ തികച്ചും അസാധാരണമായിരുന്നു. വരാന്‍പോകുന്ന വിപത്തിനെപ്പറ്റി മൗലവിക്കു ഒരു നിശ്ചയം ഉണ്ടായിരുന്നതുപോലെ തോന്നും ഇപ്പോള്‍ ആ വാചകങ്ങള്‍ വായിച്ചാല്‍.
ഒരു ഗോവിന്ദപ്പിള്ളയായിരുന്നു സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപര്‍. അദ്ദേഹത്തിന്റെ ആധിപത്യത്തിനു കീഴില്‍ സ്വദേശാഭിമാനി പത്രം തന്റെ സങ്കല്‌പങ്ങള്‍ക്കനുസരിച്ചല്ല മുന്നോട്ടുപോകുന്നതെന്നു മനസ്സിലാക്കിയ മൗലവി മറ്റൊരു പ്രഗത്ഭനായ പത്രാധിപരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൗലവിയാകട്ടെ, അതിനകം തന്റെ സമുദായപരിഷ്‌കരണ സംരംഭങ്ങളില്‍ ആമഗ്നനായി കഴിഞ്ഞിരുന്നു. അതുകൊണ്ട് സ്വദേശാഭിമാനിയുടെ കാര്യങ്ങളില്‍ വേണ്ടത്രെ ശ്രദ്ധചെലുത്താന്‍ കഴിഞ്ഞിരുന്നതുമില്ല. സാമുദായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചിരുന്നതിനെക്കാള്‍ വളരെ കൂടുതല്‍ ക്ലേശകരമാണെന്നു അദ്ദേഹത്തിനു ക്രമേണ മനസ്സിലായി. സമുദായത്തിലെ യാഥാസ്ഥിതികരുടെ സംഘടിതമായ എതിര്‍പ്പ് അത്രയധികം ശക്തമായിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് തന്റെ സ്വന്തം അമ്മാവന്റേതടക്കമുള്ള രണ്ടു പത്രങ്ങളില്‍ നിന്നു അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട് ഭഗ്നാശയനായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയും ബി എ ബിരുദധാരിയുമായ രാമകൃഷ്‌ണപ്പിള്ളയെപ്പറ്റി മൗലവി അറിയാനിടയായത്. താമസിയാതെ മൗലവി അദ്ദേഹത്തെ ചെന്നുകണ്ട് തന്റെ സ്വദേശാഭിമാനിയുടെ പത്രാധിപത്യം ഏറ്റെടുക്കണമെന്നഭ്യര്‍ഥിച്ചു. രാമകൃഷ്‌ണപിള്ള ആദ്യം അല്‌പം സംശയാലുവായിരുന്നു. തന്റെ മുന്‍കാല അനുഭവമായിരിക്കുമോ ഇവിടെയും എന്ന സംശയമാണ് ആദ്യം അദ്ദേഹത്തിനുണ്ടായിരുന്നത്. ഏതായാലും പരീക്ഷിച്ചു നോക്കാമെന്നു കരുതി അദ്ദേഹം പത്രാധിപരാകാന്‍ സമ്മതിച്ചു. മൗലവി അന്ന് ഉറപ്പുനല്‌കിയ പത്രാധിപസ്വാതന്ത്ര്യം അവസാന നിമിഷം വരെ രാമകൃഷ്‌ണപ്പിള്ളക്കുണ്ടായിരുന്നു.
പത്രത്തിന്റെ പ്രസിദ്ധീകരണം ആദ്യം വക്കത്തേക്കും പിന്നീട് പത്രാധിപരുടെ സൗകര്യം പരിഗണിച്ച് തിരുവനന്തപുരത്തേക്കും മാറ്റി. രാമകൃഷ്‌ണപ്പിള്ള അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ രാജഗോപാലാചാരിയുടെ ഭരണത്തില്‍ നടമാടിയിരുന്ന അനീതിയെയും അഴിമതികളെയും സ്വജന പക്ഷപാതത്തെയും വിമര്‍ശിച്ചുകൊണ്ട് മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി.
അന്നത്തെ ശക്തമായ ഫ്യൂഡല്‍ ഭരണമേധാവിത്വത്തിനു സഹിക്കാന്‍ കഴിയുന്നതിലും നിശിതമായ രീതിയിലാണ് രാമകൃഷ്‌ണപ്പിള്ള അനീതിയെ വിമര്‍ശിച്ചിരുന്നത്. ഭരണകൂടത്തിന്റെ ദൂതന്മാര്‍ വക്കത്തേക്കോടി. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. മൗലവി തന്റെ പത്രാധിപര്‍ക്കു പൂര്‍ണ പിന്തുണ നല്‌കി ഉറച്ചുനിന്നു. വലിയ ഭവിഷ്യത്ത് അനിവാര്യമാണെന്നു അറിഞ്ഞുകൊണ്ടു തന്നെയാണ് തികഞ്ഞ ത്യാഗസന്നദ്ധതയോടു കൂടി മൗലവി തന്റെ ധീരമായ നിലപാട് സ്വീകരിച്ചത്. ജനങ്ങളും പത്രഉടമയും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പത്രം നിരോധിച്ചു. പ്രസ്സ് കണ്ടുകെട്ടി. പത്രാധിപര്‍ രാമകൃഷ്‌ണപ്പിള്ളയെ താന്‍ ജനിച്ചുവളര്‍ന്ന തിരുവിതാംകൂറിന്റെ മണ്ണില്‍ നിന്ന് നാടുകടത്തുകയും ചെയ്‌തു. അതിന്റെ നൂറാംവാര്‍ഷികമാണ് ഇപ്പോള്‍ സംസ്ഥാനവ്യാപകമായി ആചരിക്കപ്പെടന്നത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഈ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടകരായ സംസ്ഥാന ഗവണ്‍മെന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും വക്കം മൗലവി ഫൗണ്ടേഷനും വിഭാവനംചെയ്‌തിട്ടുള്ളത്. സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍, രാമകൃഷ്‌ണപ്പിള്ളയുടെ എന്റെ നാടുകടത്തല്‍ എന്നീ പുസ്‌തകങ്ങള്‍ തിരുവനന്തപുരത്തെ ഉദ്‌ഘാടനച്ചടങ്ങില്‍ വെച്ചുതന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. തിരുവനന്തപുരം ഏജീസ് ഓഫീസ് വളപ്പില്‍ സ്ഥാപിച്ചിരുന്ന സ്വദേശാഭിമാനിയുടെ അര്‍ധകായ പ്രതിമ പാളയം രക്തസാക്ഷി മണ്ഡപത്തിന്നടുത്തു പുനസ്ഥാപിക്കുന്നതോടൊപ്പം മൗലവിയുടെ ഓര്‍മയ്‌ക്കായി ഒരു സ്‌മാരകഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഈ ശതാബ്‌ദി ആഘോഷാവസരം ഇന്നത്തെ മിഥ്യയായ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും മൗലവിയും രാമകൃഷ്‌ണപ്പിള്ളയുമായി നിലനിന്നിരുന്ന സുദൃഢവും ആദര്‍ശഐക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധത്തിന്റെ മൗലികമായ അടിത്തറയെക്കുറിച്ചും അവരിരുവരുടെയും സാമൂഹ്യ, രാഷ്‌ട്രീയ വീക്ഷണങ്ങളെക്കുറിച്ചും പുനര്‍ചിന്തയ്‌ക്കു അവസരമൊരുക്കുന്നതാണ്. മൗലവിയുടെയും രാമകൃഷ്‌ണപ്പിള്ളയുടെയും രാഷ്‌ട്രീയ വീക്ഷണങ്ങള്‍ക്ക് ചില വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും മൗലികമായി അവ ഒന്നു തന്നെയായിരുന്നുവെന്ന വസ്‌തുതയാണ് സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനചരിത്രം വെളിപ്പെടുത്തുന്നത്. എങ്കിലും സാമൂഹ്യ വീക്ഷണങ്ങളില്‍ അവരിരുവരും ഭിന്നമായ നിലപാടുകളാണ് പുലര്‍ത്തിയിരുന്നതെന്നു കാണാം. ഏതായാലും സ്വദേശാഭിമാനികളും രാജ്യസ്‌നേഹികളുമായ ഈ രണ്ടു പ്രഗത്ഭമതികളുടെ പത്രപ്രവര്‍ത്തനരംഗത്തെ അപൂര്‍വസംഗമം കേരള പത്രപ്രവര്‍ത്തന രംഗത്തു നൂറ്റാണ്ടുശേഷവും പുളകോദ്‌മകാരിയായ ഒരു വിരേതിഹാസം സൃഷ്‌ടിക്കുകയുണ്ടായി.
ഇരുവരും അവരുടെ കാലത്തിനു മുമ്പേ നടന്നവരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടതായും വന്നു. എങ്കിലും അവര്‍ പിന്‍തലമുറകളുടെ വഴികാട്ടികളായിത്തീര്‍ന്നു. യൂറോപ്പിന്റെ ചരിത്രത്തില്‍ നിന്നു വ്യത്യസ്‌തമായി കേരളത്തില്‍ നവീകരണ പ്രസ്ഥാനമാണ് ആദ്യമായി നടന്നത്. അതിനു ശേഷമാണ് നവോത്ഥാനമുണ്ടാകുന്നത്. സഹസ്രാബ്‌ദങ്ങളായി ഉണങ്ങി വരണ്ടു കട്ടിപിടിച്ചു കിടന്നിരുന്ന കേരളത്തിന്റെ സാമൂഹ്യ മണ്ണ് ഉഴുതുമറിച്ചതു ശ്രീനാരായണ ഗുരു, വി ടി ഭട്ടതിരിപ്പാട്, വക്കം മൗലവി, അയ്യങ്കാളി എന്നിവരുടെ ഒരു നീണ്ട നിര സമദായ പരിഷ്‌കര്‍ത്താക്കളാണ്. ആ മണ്ണിലാണ് പിന്നീട് രാഷട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ വിത്തുവീണത്. അതുകൊണ്ടു തന്നെ അതിവേഗം കിളിര്‍ക്കുകയും തഴച്ചുവളരുകയും ചെയ്‌തു. അതിന്റെ രണ്ടിന്റെയും ആദ്യ ബീജാവാപകരായിരുന്നു വക്കം മൗലവിയും രാമകൃഷ്‌ണപ്പിള്ളയും എന്നു നിസ്സംശയം പറയാം.
0 comments:
Post a Comment